ബേബി പൗഡര്‍ ഉപയോഗം ക്യാൻസറിന് വഴിവച്ചു. ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി 417 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി.

0
748

ശിശുക്കള്‍ക്കുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി. 417 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാനാണ് ലോസ് ആഞ്ചലസിലെ കോടതി കമ്പനിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കമ്പനിയുടെ ജനപ്രീതിയാര്‍ജിച്ച ഉല്‍പന്നമായ ബേബി പൗഡര്‍ സ്ഥിരമായി ഉപയോഗിച്ചതിനെത്തുടര്‍ന്ന് അണ്ഡാശയ കാന്‍സര്‍ പിടിപെട്ടെന്നാണ് കാലിഫോര്‍ണിയയില്‍നിന്നുള്ള സ്ത്രീ അവകാശപ്പെടുന്നത്. ഇതിനെതിരേയാണ് അവര്‍ കമ്പനിയെ പ്രതിക്കൂട്ടിലാക്കിയത്. കാലിഫോര്‍ണിയയില്‍നിന്നുള്ള ഈവ എച്ചെവെരിയയാണ് കേസ് ഫയല്‍ ചെയ്തത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡറിനെതിരേ അമേരിക്കയില്‍ നല്‍കിയിട്ടുള്ള കേസുകളില്‍ ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരത്തുക വിധിച്ച കേസാണിത്.

കമ്പനിയുടെ ബേബി പൗഡര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സറിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉപയോക്താക്കള്‍ക്കു നല്‍കുന്നതില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി പരാജയപ്പെട്ടെന്നാണ് എച്ചെവെരിയയുടെ ആരോപണം. 1950 മുതല്‍ 2016 വരെ ജോണ്‍സണ്‍സ് ബേബി പൗഡര്‍ എച്ചെവെരിയ സ്ഥിരമായി ഉപയോഗിച്ചിരുന്നു. 2007 ലാണ് ഇവര്‍ക്ക് അണ്ഡാശയ കാന്‍സര്‍ കണ്ടെത്തിയത്. അകാരണമായ അപകടകാരിയും ന്യൂനതയുള്ളതുമായ ടാല്‍കം പൗഡറാണ് കാന്‍സറിനു കാരണമായതെന്നാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി കേസുകളാണ് കമ്പനിക്കെതിരേയുള്ളത്. 2012 ല്‍ അണ്ഡാശയ കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയ മറ്റൊരു സ്ത്രീയും കമ്പനിക്കെതിരേ കേസ് ഫയല്‍ െചയ്യുകയും നഷ്ടപരിഹാരമായി 110.5 ദശലക്ഷം ഡോളര്‍ മിസൗറി കോടതി വിധിക്കുകയും ചെയ്തിരുന്നു. ആയിരത്തിലധികം കേസുകളാണ് കമ്പനിക്കെതിരേ ഇപ്പോള്‍ നിലവിലുള്ളത്.

NO COMMENTS

LEAVE A REPLY