ഓക്സിജന് പകരം നൈട്രസ് ഓക്‌സൈഡ് നൽകി; സിഡ്‌നിയിൽ നവജാതശിശു മരിച്ചു.

0
2788

സിഡ്‌നി : നവജാത ശിശുക്കള്‍ക്ക് ഓക്‌സിജനു പകരം നൈട്രസ് ഓക്‌സൈഡ് നല്‍കിയതിനെത്തുടര്‍ന്ന് ഒരു ശിശു മരിച്ചു. മറ്റൊരു കുഞ്ഞ് ഗുരുതരാവസ്ഥയിലുമാണ്. സിഡ്‌നിക്കു തെക്കു പടിഞ്ഞാറ് ബാങ്ക്‌സ്ടൗണ്‍ ലിഡ്‌കോംബെ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ മാസവും ഈ മാസവുമായാണ് ദുരന്തങ്ങള്‍ സംഭവിച്ചിരിക്കുന്നത്. അധികൃതരുടെ അനാസ്ഥയാണ് സംഭവങ്ങള്‍ക്കു പിന്നിലെന്ന് ആരോപണമുണ്ട്. നവജാത ശിശുക്കളുടെ ഉണര്‍വിനായുള്ള യൂണിറ്റില്‍ ഒരു യന്ത്രം സ്ഥാപിച്ചതിലുണ്ടായ പിശകാണ് അപകടത്തിനു കാരണമെന്ന് ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യമന്ത്രി ജില്ലിയാന്‍ സ്‌കിന്നര്‍ അറിയിച്ചു.

ആശുപത്രിയുടെ അനാസ്ഥയില്‍ കുഞ്ഞുങ്ങള്‍ക്കു നേരിട്ട ദുരന്തത്തില്‍ അതിയായി ഖേദിക്കുന്നെന്നും അപകടമുണ്ടാക്കിയ ഓപ്പറേഷന്‍ തിയേറ്ററില്‍ സംവിധാനം ശരിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഈ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിട്ടിരിക്കുകയാണ്. കുഞ്ഞിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച ഒരു ശിശുരോഗ വിദഗ്ധനാണ് ഓക്‌സിജന്‍ സംവിധാനത്തില്‍ സംശയം പ്രകടിപ്പിച്ചത്. യന്ത്രസംവിധാനം ഘടിപ്പിച്ച കമ്പനിയോട് ഈ സംവിധാനം പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാതകം മാറി നല്‍കിയതായി മറ്റു കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

വിശദമായ പരിശോധന നടത്തി കാരണം കണ്ടെത്തുമെന്നും ആവശ്യമെങ്കില്‍ അനുയോജ്യമായ തെറ്റുതിരുത്തലുകള്‍ വരുത്തുമെന്നും ഗ്യാസ് കമ്പനി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY