ഇസ്‌ലാമിക വിരുദ്ധ എഴുത്തുകാരിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം റദ്ദാക്കി.

0
1166

മെൽബൺ : വിവാദ എഴുത്തുകാരിയും ഇസ്ലാമിക വിരുദ്ധ പ്രവര്‍ത്തകയുമായ അയാന്‍ ഹിര്‍സി അലി ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം റദ്ദാക്കി. സുരക്ഷാ ആശങ്കയാണ് സന്ദര്‍ശനം റദ്ദാക്കാന്‍ കാരണം. പ്രഭാഷണ പരമ്പരയായിരുന്നു അവരുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഇസ്ലാമിനെ വിമര്‍ശിക്കുന്ന ഹിര്‍സി അലിയുടെ ജീവന് ഭീഷണിയുള്ളതിനാല്‍ അവര്‍ക്ക് 24 മണിക്കൂറും സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബ്രിസ്ബണ്‍, മെല്‍ബണ്‍, സിഡ്‌നി, ഓക്‌ലാന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ഹിര്‍സി അലിയുടെ പ്രഭാഷണം. ദേശീയ ചാനലിന്റെ ചോദ്യോത്തര പരിപാടിയിലും പങ്കെടുക്കാന്‍ സമ്മതിച്ചിരുന്നു.

ഹിര്‍സി അലിയുടെ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത് തിങ്ക് ഇന്‍കായിരുന്നു. സുരക്ഷാ കാരണങ്ങളുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഹിര്‍സി അലിയുടെ സന്ദര്‍ശനവും മറ്റ് പരിപാടികളും മാറ്റിവയ്ക്കുന്നതായി തിങ്ക് ഇന്‍ക് അറിയിച്ചു. മുന്‍കൂട്ടി തീരുമാനിച്ചിരുന്ന പരിപാടി മാറ്റിവച്ചതില്‍ ഖേദം പ്രകടിപ്പിച്ച അവര്‍ അടുത്തുതന്നെ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുമെന്ന് അറിയിച്ചു. രണ്ടായിരത്തിലധികം ടിക്കറ്റുകളാണ് ഹിര്‍സി അലിയുടെ പ്രഭാഷണം കേള്‍ക്കുന്നതിനായി വിറ്റഴിഞ്ഞത്. പരിപാടി മാറ്റിവച്ചതായി ടിക്കറ്റെടുത്തവരെ ഇ മെയിലിലൂടെ അറിയിച്ചിട്ടുണ്ടെന്നും ടിക്കറ്റിന്റെ ചാര്‍ജ് തിരികെ നല്‍കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.

ഹിര്‍സി അലിയുടെ സന്ദര്‍ശനത്തിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു. മതഭ്രാന്ത് വളര്‍ത്തുകയും ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം ഊട്ടിയുറപ്പിക്കുകയുമാണ് ഹിര്‍സി അലി ചെയ്യുന്നതെന്ന് ഒരു സംഘം മുസ്ലിം സ്ത്രീകള്‍ ആരോപിച്ചിരുന്നു. ഹിര്‍സി അലിയുടെ പ്രഭാഷണ പരമ്പരയ്‌ക്കെതിലേ നാനൂറിലധികം പേരുടെ ഓണ്‍ലൈന്‍ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.

ഇസ്ലാമിനിടയിലെ സമൂല പരിഷ്‌കരണ വാദികളെയും ശരി അത്ത് നിയമത്തെയും ഹിര്‍സി അലി ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ മതവിശ്വാസത്തെ പരിഷ്‌കരിക്കാന്‍ മിതവാദികളോട് അവര്‍ ആവശ്യപ്പെടുന്നു.

സൊമാലിയയില്‍നിന്നുള്ള ഒരു മുസ്ലിം കുടുംബത്തിലെ അംഗമായിരുന്നു അയാന്‍ ഹിര്‍സി അലി. 1990 കളുടെ ആരംഭത്തില്‍ നെതര്‍ലാന്‍ഡില്‍ രാഷ്ട്രീയ അഭയം തേടിയശേഷം ഇസ്ലാം മതം ഉപേക്ഷിച്ചു. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹത്തില്‍നിന്ന് രക്ഷപ്പെടാനായിരുന്നു ഇത്. നെതര്‍ലാന്‍ഡിലെ ലിബറല്‍ പാര്‍ട്ടികളിലൊന്നായ പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡമില്‍ ഹിര്‍സി അലി അംഗമായി. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ചിത്രീകരിച്ച ഒരു ഹസ്വ ചിത്രം നിര്‍മിക്കാന്‍ സഹായിക്കുകയും ഇതില്‍ ഖുറാനെ നിന്ദിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തതാണ് ഹിര്‍സി അലിക്കെതിരേ തിരിയാന്‍ കാരണമായത്. ഭീഷണിയുയര്‍ന്നതിനെത്തുടര്‍ന്ന് ഇവര്‍ അമേരിക്കയിലേക്ക് കുടിയേറി.

NO COMMENTS

LEAVE A REPLY