അവധിയാഘോഷിക്കുവാൻ വന്ന പിതാവ് ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ.പ്രാർഥനയോടെ മലയാളി സമൂഹം.

0
2594

ഓക്‌ലാന്റ് : മകനും കുടുംബത്തോടുമൊപ്പം അവധിക്കാലം ആഘോഷിക്കുവാൻ എത്തിയ പിതാവിന് അപ്രതീക്ഷിത അപകടം സംഭവിച്ചതിന്റെ ആഘാതത്തിലാണ് ന്യൂസീലാന്റിലെ ഒരു മലയാളി കുടുംബം. എറണാകുളത്ത് നിന്നും ന്യൂസീലാന്റിലെ ഓക്‌ലാന്റിലേക്ക് കുടിയേറിയ ബിജോഷിനും കുടുംബത്തിനുമാണ് ഈ ദുർഗതി സംഭവിച്ചത്. ഇക്കഴിഞ്ഞ 16 നായിരുന്നു കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും തകർത്തെറിഞ്ഞ ആ ദുരന്തം സംഭവിച്ചത്. പക്ഷാഘാതത്തെ തുടർന്ന് അബോധാവസ്‌ഥയിലായ ബിജോഷിന്റെ പിതാവ് ബാലകൃഷ്ണനെ ഉടനെത്തന്നെ മിഡിൽ മോർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൊതുവെ ആരോഗ്യവാനായിരുന്ന പിതാവിന് മെഡിക്കൽ ഇൻഷുറൻസ് എടുക്കാതിരുന്നതാണ് ഇപ്പോൾ ബിജേഷിനെയും, കുടുംബത്തെയും വെട്ടിലാക്കിയത്. ജൂൺ 12 നു നാട്ടിൽ തിരിച്ചുപോകാനിരിക്കെയായിരുന്നു ബാലകൃഷ്ണപിള്ളയെ ദുരന്തം വേട്ടയാടിയത്.

ബിജോഷ് – അശ്വതി ദമ്പതികൾ വർക്ക് വിസയിൽ ആണ് ഇപ്പോൾ താമസം. മാതാപിതാക്കൾ വിസിറ്റ് വിസ ആയതിനാലും ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാലും ഭീമമായ ഹോസ്പിറ്റൽ ബിൽ ആണ് ദിവസേന ആവശ്യമുള്ളത്. ന്യൂസീലാന്റിലെ ആരോഗ്യ മേഖലയിൽ നോൺ ഇമ്മിഗ്രന്റ് വിസ സ്റ്റാറ്റസ് ഉള്ളവരുടെ ചികിത്സയ്ക്ക് ദിവസേന ലക്ഷങ്ങളാണ് ചെലവ് വരുന്നത്. ഇത്രയും ഭീമായ തുക വർക്ക് വിസയിൽ ഉള്ള ബിജോഷ് അശ്വതി ദമ്പതികൾക്ക് താങ്ങാനാവാത്തതിനാൽ അഭ്യുദയകാംക്ഷികളും, ഉദാരമതികളുമായ മലയാളി സുഹൃത്തുക്കളുടെ സഹായം ഈ കുടുംബത്തിനാവശ്യമാണ്. അച്ഛനെ പരിചരിക്കേണ്ടതുള്ളതുകൊണ്ട് ബിജോഷിനും, അശ്വതിക്കും ജോലിക്കുപോകുവാൻ പോലും കഴിയാത്ത അവസ്‌ഥയാണ്‌.

ഓക്‌ലാന്റ് മലയാളി സമാജം,ഓക്‌ലാന്റ് മലയാളി ഹിന്ദു സമാജം എന്നീ സംഘടനകൾ തുക സമാഹരണത്തിനു സജീവമായി രംഗത്തുണ്ടെങ്കിലും തുടർ ദിവസങ്ങളിൽ ഉണ്ടാവുന്ന ഭാരിച്ച ബാധ്യതകൾ മുന്നിൽകണ്ട് വിപുലമായ ധനസമാഹരണം ആവശ്യമായി വരുന്നതിനാൽ മുഴുവൻ മലയാളിസുഹൃത്തുക്കളുടെയും സഹായം ഇവർ പ്രതീക്ഷിക്കുന്നുണ്ട്. സന്മനസ്സുള്ളവർക്ക് താഴെയുള്ള കളർ ബോക്സിൽ ക്ലിക്ക് ചെയ്ത് അവരവർക്ക് ഇഷ്ടമുള്ള തുക നൽകിയാൽ ഈ കുടുംബത്തിന് വലിയൊരനുഗ്രഹമാകും.

NO COMMENTS

LEAVE A REPLY