യൂണിവേഴ്‌സിറ്റികളിൽ വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോർട്ട്

0
246

സിഡ്‌നി : ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥികള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നതായി റിപ്പോര്‍ട്ട്. പകുതിയിലേറെ വിദ്യാര്‍ഥികളും ലൈംഗിക കൈയേറ്റങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്നാണ് ദേശീയ തലത്തില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് ആശങ്കകള്‍ക്കിടയാക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കാണിത്. ദേശീയതലത്തില്‍ 30,000 വിദ്യാര്‍ഥികളെയാണ് സര്‍വേയില്‍ പങ്കെടുപ്പിച്ചത്. ഓസ്‌ട്രേലിയന്‍ മനുഷ്യാവകാശ കമ്മീഷനാണ് ദേശീയതലത്തില്‍ സര്‍വേ നടത്തിയത്.

കഴിഞ്ഞ വര്‍ഷം തങ്ങള്‍ക്കെതിരേ ലൈംഗിക അതിക്രമങ്ങളുണ്ടായതായി ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റിയിലെ 45 ശതമാനം വിദ്യാര്‍ഥികളും വ്യക്തമാക്കി. ദേശീയതലത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയരായവരുടെ എണ്ണം 51 ശതമാനമാണ്. അതായത് യൂണിവേഴ്‌സിറ്റി സംവിധാനത്തില്‍ നാലിലൊരാള്‍ വീതം പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. എന്നാല്‍ 1.6 ശതമാനം കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇതിന് തടയിടാന്‍ പത്തിന പരിപാടികളാണ് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റികളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇടക്കാല സഹായക കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇവിടെനിന്നും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സഹായം ലഭിക്കും. ബോണ്ട് യൂണിവേഴ്‌സിറ്റിയിലാണ് ലൈംഗിക അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്. കഴിഞ്ഞവര്‍ഷം ഇവിടെ 62 ശതമാനം വിദ്യാര്‍ഥികള്‍ ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയരായി. ഫെഡറേഷന്‍ യൂണിവേഴ്‌സിറ്റിയാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍. ഇവിടെ കഴിഞ്ഞവര്‍ഷം 39 ശതമാനം പേര്‍ അതിക്രമങ്ങള്‍ക്കിരയായി.

ഓസ്‌ട്രേലിയന്‍ സമ്പദ്ഘടനയുടെ വലിയൊരു പങ്ക് ലഭിക്കുന്നത് വിദ്യാഭ്യാസത്തില്‍നിന്നാണ്. ഓസ്‌ട്രേലിയയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. കനത്ത ഫീസ് നല്‍കി ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുനേര്‍ക്കുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ഏറെ ദോഷം ചെയ്യും. സുരക്ഷതിത്വമില്ലായെന്ന അപഖ്യാതി പരന്നാല്‍ വിദേശ വിദ്യാര്‍ഥികളുടെ ഒഴുക്കിനെ കാര്യമായി ബാധിക്കും. പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ഡോളര്‍ വരുമാനമായി ലഭിക്കുന്ന നിലയ്ക്കും. കാമ്പസുകളിലെ ലൈംഗിക അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ലെങ്കില്‍ യൂണിവേഴ്‌സിറ്റികളിലെ വിദേശ പങ്കാളിത്തം കുറയും. വിദേശ വിദ്യാര്‍ഥികള്‍ മറ്റു രാജ്യങ്ങള്‍ സെലക്ട് ചെയ്യും.

NO COMMENTS

LEAVE A REPLY