സിറ്റിസൺഷിപ് അപേക്ഷ പരിഗണിക്കുന്നതിൽ മന്ത്രി കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന് കോടതി.

0
983

സിഡ്‌നി : പൗരത്വത്തിനായി നല്‍കുന്ന അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതില്‍ കുടിയേറ്റ മന്ത്രി അകാരണമായി താമസം വരുത്തുന്നതായി കോടതി കണ്ടെത്തി. രണ്ട് അഫ്ഗാന്‍ അഭയാര്‍ഥികള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ നീണ്ടകാലം വേണ്ടിവന്നു. അതിനാല്‍ നിരസിക്കപ്പെട്ട ഇവരുടെ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ കോടതി മന്ത്രിയോട് നിര്‍ദേശിച്ചു. തങ്ങളുടെ അപേക്ഷ സ്വീകരിക്കപ്പെട്ടോ നിരസിക്കപ്പെട്ടോയെന്ന് അറിയാന്‍ ഒരു അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കു കാത്തിരിക്കേണ്ടിവന്നത് 18 ഉം 23 ഉം മാസങ്ങളാണ്.

യാതൊരു കാരണവുമില്ലാതെ ഇവരുടെ അപേക്ഷയില്‍ തീര്‍പ്പുകല്‍പിക്കുന്നതില്‍ മന്ത്രിക്കു തെറ്റുപറ്റിയെന്ന് ഫെഡറല്‍ കോടതി അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്ത രണ്ടു അഫ്ഗാന്‍ പൗരന്‍മാര്‍ 2010 ലാണ് ബോട്ടുമാര്‍ഗം ഓസ്‌ട്രേലിയയിലെത്തിയത്. അഭയാര്‍ഥിയെന്ന നിലയില്‍ സ്ഥിര സംരക്ഷണ വിസയ്ക്കായി ഇരുവരും അപേക്ഷ നല്‍കി. തീരുമാനമുണ്ടാകുന്നതുവരെ ഇരുവരും ഓസ്‌ട്രേലിയന്‍ സമൂഹത്തില്‍ നാലുവര്‍ഷം താമസിച്ചെന്നും അതിനാല്‍ ഇവര്‍ക്ക് പൗരത്വം ലഭിക്കാനുള്ള അര്‍ഹതയുണ്ടെന്നും കോടതി വിലയിരുത്തി.

2014 ലും 2015 ലും പരിശോധനകള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഇവര്‍ക്ക് പൗരത്വ രേഖ ലഭിച്ചില്ല. പൗരത്വത്തിനായുള്ള അപേക്ഷകളിന്‍മേലുള്ള നടപടികള്‍ സാധാരണ 80 ദിവസത്തിനുള്ളില്‍ കുടിയേറ്റ വകുപ്പ് പൂര്‍ത്തിയാക്കി തീരുമാനം അറിയിക്കാറുണ്ട്. ഈ അപേക്ഷകള്‍ ലഭിച്ചശേഷം ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പുകല്‍പിച്ചശേഷവും ഈ അപേക്ഷകള്‍ മാറ്റിവച്ചതിന് യാതൊരു ന്യായീകരണവുമില്ലെന്നു ജസ്റ്റിസ് മൊര്‍ദെക്കായ് ബ്രോംബെര്‍ഗ് പറഞ്ഞു.

പൗരത്വത്തിനായുള്ള അപേക്ഷകള്‍ നല്‍കി കാലങ്ങളായി കാത്തിരിക്കുന്നവര്‍ക്ക് ഈ കോടതിവിധി പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ പുത്തന്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഈ വിധി ആഹ്ലാദകരമാകുകയാണ്.

NO COMMENTS

LEAVE A REPLY