ഓസ്‌ട്രേലിയന്‍ മുന്‍ ഗവര്‍ണര്‍ ജനറല്‍ സര്‍ നിനിയാന്‍ സ്റ്റീഫന്‍ അന്തരിച്ചു.

0
551

മെൽബൺ : ഓസ്‌ട്രേലിയന്‍ മുന്‍ ഗവര്‍ണര്‍ ജനറല്‍ സര്‍ നിനിയാന്‍ സ്റ്റീഫന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു മെല്‍ബണിലെ വസതിയിലായിരുന്നു അന്ത്യം. 94 വയസായിരുന്നു. 1982 മുതല്‍ 1989 വരെ ഓസ്‌ട്രേലിയന്‍ ഗവര്‍ണര്‍ ജനറലായിരുന്നു. കുടിയേറ്റക്കാരനായിരുന്ന രാജ്യത്തെ ഏക ഗവര്‍ണര്‍ ജനറലും അദ്ദേഹമായിരുന്നു.

ബ്രിട്ടനില്‍ ജനിച്ച സര്‍ നിനിയാന്‍ സ്റ്റീഫന്‍ 17 ാമത്തെ വയസില്‍ 1940 ലാണ് മെല്‍ബണിലെത്തുന്നത്. നിയമം പഠിച്ച് അഭിഭാഷകനായി രാജ്യത്തെ നിയമരംഗത്ത് ശോഭിച്ചു. ഓസ്‌ട്രേലിയന്‍ ഹൈക്കോടതിയിലും വിക്ടോറിയന്‍ സുപ്രീംകോടതിയിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചു. 1982 ല്‍ അന്നത്തെ പ്രധാനമന്ത്രി മാല്‍കോം ഫ്രേസര്‍, സെല്‍മാന്‍ കോവെനു പകരം സര്‍ നിനിയാനെ ഗവര്‍ണര്‍ ജനറലായി നിയമിച്ചു.

1989 ല്‍ ഗവര്‍ണര്‍ ജനറല്‍ സ്ഥാനത്തുനിന്നും മാറിയ സര്‍ നിനിയാന്‍ ഓസ്‌ട്രേലിയയുടെ ആദ്യ പരിസ്ഥിതി അംബാസഡറായി നിയമിതനായി. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നടന്ന സമാധാന വട്ടമേശ ചര്‍ച്ചകള്‍ നയിക്കുന്നതിനായി ബ്രിട്ടീഷ്, ഐറിഷ് സര്‍ക്കാരുകള്‍ സര്‍ നിനിയാനെയാണ് തെരഞ്ഞെടുത്തത്. പ്രായം 80 ല്‍ എത്തിയപ്പോഴും സൗത്ത് ആഫ്രിക്കയുടെ ഭരണഘടനാ നിര്‍മാണത്തിനും ബംഗ്ലാദേശിലെ ആഭ്യന്തര പ്രതിസന്ധി മറികടക്കുന്നതിനും സര്‍ നിനിയാന്റെ ഉപദേശം ആ രാജ്യങ്ങള്‍ തേടിയിരുന്നു.

സര്‍ നിനിയാനെ ഉള്‍ക്കൊള്ളാന്‍ ഓസ്‌ട്രേലിയയ്ക്കു മാത്രം സാധിക്കില്ല. അദ്ദേഹത്തിന്റെ ലോകം അതിവിശാലമാണെന്ന് 80 പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഹൈക്കോടതി മുന്‍ ജഡ്ജി മൈക്കിള്‍ കിര്‍ബി അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച രീതിയില്‍ പ്രതിനിധീകരിക്കാന്‍ സര്‍ നിനിയാന് സാധിച്ചെന്ന് പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിനയവും ബുദ്ധിസാമര്‍ഥ്യവും നീതിയോടും നിയമത്തോടുമുള്ള ജീവിതാവസാനംവരെ നീണ്ട അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയും ഓസ്‌ട്രേലിയ എന്നും ഓര്‍മിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY