ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ ബോബ് ഹോളണ്ട്(70) അന്തരിച്ചു

0
700

സിഡ്‌നി : ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ ബോബ് ഹോളണ്ട്(70) അന്തരിച്ചു. മസ്തിഷ്‌ക കാന്‍സര്‍ രോഗബാധിതനായിരുന്നു. ന്യൂ കാസിലില്‍ അദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം നടത്തിയ അത്താഴവിരുന്നാണ് അദ്ദേഹം അവസാനമായി സംബന്ധിച്ച പൊതുചടങ്ങ്. രണ്ടുദിവസങ്ങള്‍ക്കുമുമ്പ് നടത്തിയ വിരുന്നില്‍ വളരെ സന്തോഷത്തോടെയാണ് അദ്ദേഹം സംബന്ധിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് പെട്ടെന്നുള്ള മരണത്തിനു കാരണം.

വെള്ളിയാഴ്ച രാത്രിയില്‍ ഹോളണ്ടിന്റെ ബഹുമാനാര്‍ഥം നടത്തിയ അത്താഴവിരുന്നില്‍ അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകരെല്ലാം സംബന്ധിച്ചിരുന്നു. ഹോളണ്ടിന്റെ സഹപ്രവര്‍ത്തകനും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്‌ലറും അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു. 1984 ല്‍ 38 ാമത്തെ വയസിലാണ് ഹോളണ്ട് ദേശീയ ടീമിലെത്തിയത്. വെസ്റ്റിന്‍ഡിസ്, ന്യൂസിലാന്‍ഡ് എന്നീ ടീമുകളുമായുള്ള മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ ടീമിന് വിജയിക്കാനായത് ഹോളണ്ടിന്റെ നിര്‍ണായ പത്തു വിക്കറ്റുകളിലൂടെയാണ്.

ഓസ്‌ട്രേലിയയ്ക്കുവേണ്ടി 11 ടെസ്റ്റ് മാച്ചുകളില്‍നിന്ന് 34 വിക്കറ്റുകള്‍ ഹോളണ്ട് നേടിയിച്ചിട്ടുണ്ട്. 95 ഫസ്റ്റ് ക്ലാസ് മാച്ചുകളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് സുദീര്‍ഘമായ അഞ്ചു ദശാബ്ദങ്ങളായി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഈ വര്‍ഷം ഹോളണ്ടിന് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ബഹുമതി നല്‍കി രാജ്യം ആദരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY