പ്രതിഫലത്തർക്കം; ക്രിക്കറ്റ് പരമ്പരകൾ പ്രതിസന്ധിയിൽ.

0
225

സിഡ്‌നി : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കളിക്കാരുടെ വേതനം സംബന്ധിച്ച തര്‍ക്കം പരിഹരിച്ചെന്ന റിപ്പോര്‍ട്ട് വ്യാജം. ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷനും ഈ വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഇരു വിഭാഗങ്ങളും തമ്മില്‍ ഉടമ്പടിയുണ്ടാക്കിയതായി ഇന്നലെ വൈകിട്ട് വാര്‍ത്ത പരന്നിരുന്നു. ഇതു സംബന്ധിച്ച് ഇന്നു രാവിലെ പ്രഖ്യാപനമുണ്ടാകുമെന്നും വാര്‍ത്തയുണ്ടായിരുന്നു.

പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഒരു ധാരണയുമുണ്ടായിട്ടില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ഈ മാസം അവസാനത്തോടെ ബംഗ്ലാദേശില്‍ രണ്ട് ടെസ്റ്റ് സീരീസ് കളിക്കണം. എന്നാല്‍ ഇതിനുള്ള ടീം പോകുമോയെന്ന് കണ്ടറിയണം. ധാരണയുണ്ടായാല്‍പോലും നവംബറില്‍ ആരംഭിക്കുന്ന ആഷസ് സീരീസില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ക്രീസിലിറങ്ങുമോയെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ക്രിക്കറ്റ് താരങ്ങള്‍ ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ സൗത്ത് ആഫ്രിക്കയുമായുള്ള കളിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഓസ്‌ട്രേലിയന്‍ അധികൃതര്‍ നിര്‍ബന്ധിതരായി.

വേതനം സംബന്ധിച്ച കയ്‌പേറിയ തര്‍ക്കം മുറുകുമ്പോള്‍, ഇത് നിയന്ത്രിക്കാനും പരിഹരിക്കാനും ഒരു സ്വതന്ത്ര അംപയര്‍ ആവശ്യമായി വരും. കളിക്കാര്‍ക്ക് വരുമാനം വീതിച്ചുനല്‍കുന്ന സ്ഥിര സംവിധാനത്തിന് മാറ്റം വരുത്തണമെന്നാണ് താര സംഘടനയായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. കളിക്കാരുമായി ഉണ്ടാക്കിയിരുന്ന കരാറിന്റെ കാലാവധി ജൂലൈ ഒന്നിന് അവസാനിച്ചതിനാല്‍ ഏകദേശം 230 പുരുഷ, വനിതാ ക്രിക്കര്‍മാര്‍ക്ക് വേതനം ലഭിച്ചിട്ടില്ല. വരുമാനം നിലച്ചതിനാല്‍ വിഷമഘട്ടത്തിലായ ക്രിക്കറ്റ് താരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. ഇരുവിഭാഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍, ഈ വിഷയം ക്രിക്കറ്റ് ഓസ്‌ട്രേലിയ കൈകാര്യം ചെയ്ത രീതിയില്‍ മിക്കവര്‍ക്കും എതിര്‍പ്പുണ്ട്.

NO COMMENTS

LEAVE A REPLY