അഭയാര്‍ഥി പുനരധിവാസം ; ഓസ്‌ട്രേലിയയുമായുള്ള കരാര്‍ മാനിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്.

0
1331

മെൽബൺ : അഭയാര്‍ഥി പുനരധിവാസം സംബന്ധിച്ച് ഒബാമ സര്‍ക്കാരുമായി ഓസ്‌ട്രേലിയയുണ്ടാക്കിയ കരാര്‍ മാനിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാവിലെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഓസ്‌ട്രേലിയന്‍ പ്രസിഡന്റുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. നിലവിലുള്ള ക്രമീകരണങ്ങള്‍ തുടരുമെന്ന കാര്യത്തില്‍ വിശ്വാസവും സംതൃപ്തിയുമുണ്ടെന്ന് ഫോണ്‍ സംഭാഷണത്തിനുമുമ്പ് പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്‍ വ്യക്തമാക്കിയിരുന്നു.

അഭയാര്‍ഥി വിഷയത്തില്‍ ട്രംപിന്റെ നിലപാടും തുടര്‍ന്ന് അദ്ദേഹം ഒപ്പുവച്ച രേഖകളും യുഎസ്-ഓസ്‌ട്രേലിയ കരാര്‍ ചോദ്യചിഹ്നമായി അവശേഷിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള ഏഴു രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം തടഞ്ഞുകൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഒപ്പുവച്ചത്. മനൂസ് ദ്വീപിലും നവുരുവിലുമുള്ള അഭയാര്‍ഥികളുടെ പുനരധിവാസത്തെ അമേരിക്കയുടെ ഇപ്പോഴത്തെ നിലപാട് ബാധിക്കില്ലെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഈ വര്‍ഷം തുടക്കത്തോടെ ഇരു ദ്വീപുകളിലുമുള്ള അഭയാര്‍ഥി കേന്ദ്രങ്ങളില്‍നിന്നുള്ളവരെ അമേരിക്കയിലേക്കു മാറ്റാമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

അമേരിക്കയുടെ കുടിയേറ്റ നിരോധന നയം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് നവുരുവിലെ അഭയാര്‍ഥി കേന്ദ്രത്തിലുള്ള ഒരു കൗമാരക്കാരനായ അഭയാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. 2013 മുതല്‍ നവുരുവിലുള്ള ഈ ഇറാനിയന്‍ പൗരന്‍ ഇപ്പോള്‍ ജയിലിലാണ്.

അമേരിക്കന്‍ പ്രസിഡന്റും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും തമ്മില്‍ 25 മിനിറ്റോളം സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്ലാമിക സ്‌റ്റേറ്റെന്ന അന്താരാഷ്ട്ര ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടത്തിലെ വെല്ലുവിളികള്‍ ഇവരുടെ ചര്‍ച്ചാവിഷയമായി. ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘനാളായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഫോണ്‍ സംഭാഷണമെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടില്‍, ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെല മെര്‍ക്കല്‍ എന്നിവരുമായും അമേരിക്കന്‍ പ്രസിഡന്റ് ഇന്നലെ ഫോണില്‍ സംസാരിച്ചു.

NO COMMENTS

LEAVE A REPLY