പെർത്ത് സംസ്കൃതി സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല വഴിപാട് മാർച്ച് 11 – ന് പെർത്തിൽ.

0
1577

പെർത്ത് : സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ ആറ്റുകാലമ്മയ്ക്ക് സ്ത്രീകൾ നടത്തുന്ന വഴിപാടായ പൊങ്കാല അതെ തനിമയോടെ ഇത്തവണ പെർത്തിലെ ശ്രീമുരുഗൻ ക്ഷേത്രത്തിൽ സംഘടിപ്പിക്കുമെന്ന് സംസ്കൃതി ഭാരവാഹികൾ അറിയിച്ചു. ഹൈന്ദവ ദർശനങ്ങൾ പ്രവാസ ജീവിത സാഹചര്യങ്ങളിൽ അന്യം നിന്നുപോവാതെ കാത്തുസൂക്ഷിക്കുന്നതിനായി പെർത്തിൽ രൂപീകൃതമായ ഹൈന്ദവ സാംസ്കാരിക സംഘടനയായ സംസ്കൃതി എന്ന സംഘടനയാണ് ഭക്തർക്കായി പൊങ്കാല വഴിപാടു ഒരുക്കിയിരിക്കുന്നത്.

16487235_1437292166303796_5605854884621164462_o

ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരവും ആൽമസമർപ്പണവുമായാണ് പൊങ്കാലയെ ഹിന്ദുക്കൾ കാണുന്നത്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് സ്ത്രീകൾ പൊങ്കാലയെ കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരുമെന്ന വിശ്വാസമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. വ്രതശുദ്ധി, മനഃശുദ്ധി, ശരീരശുദ്ധി എന്നിവയോടെ തികഞ്ഞ ചിട്ടവട്ടങ്ങളോടെ തലേന്നുമുതൽ സ്ത്രീകൾ തങ്ങളുടെ വഴിപാടൊരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. തുടർന്ന് അതിരാവിലെതന്നെ പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്കിൽ തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ ആചാരപൂർവം സമർപ്പിച്ച് പുതിയ മൺകലത്തിൽ പൊങ്കാല ഇടുന്നതാണ് ചടങ്ങ്.

പ്രപഞ്ചത്തിൻറെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നുമാണ് സങ്കല്പം. ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മറ്റ് അടുപ്പുകളിലേക്ക് തീ പകർന്നുകൊടുക്കുന്നു. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല ചടങ്ങുകൾ സമാപിക്കും.

മാർച്ച് 11 ശനിയാഴ്ച രാവിലെ എട്ടരയോടെ പെർത്തിലെ ബാല മുരുഗൻ ക്ഷേത്രാങ്കണത്തിൽ (12 Mandogalup Rd, Mandogalup WA 6167) പ്രേത്യേകം തയ്യാറാക്കുന്ന പൊങ്കാല അടുപ്പുകളിൽ ക്ഷേത്ര പൂജാരിയുടെ മുഖ്യകാർമ്മികത്വത്തിൽ ആരംഭിക്കുന്ന ചടങ്ങുകൾ ഉച്ചയോടെ സമാപിക്കും. ദ്രവ്യങ്ങളും, മൺകലവും, വിറകും, സാമഗ്രികളും അടങ്ങുന്ന ഉല്പന്നങ്ങളടക്കം 40 ഡോളറാണ് പൊങ്കാല വഴിപാടിന് ചെലവ് വരുന്നത്. പാർവതി ദേവിയുടെ പ്രീതിക്കായി പൊങ്കാല വഴിപാട് സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഹിത നായർ (0422302092) ദീപ്തി ആകർഷ് (047018716) സുജിത ധനീഷ് (0413443430) എന്നിവരുമായി ബന്ധപ്പെട്ട് കൂപ്പണുകൾ കരസ്‌ഥമാക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

NO COMMENTS

LEAVE A REPLY