ആറ്റുകാലമ്മക്ക് പൊങ്കാല നിവേദിച്ച് പെർത്തിലെ ഭക്തജനങ്ങളും.

0
3023

പെർത്ത് : സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലമ്മക്ക് കുംഭമാസത്തിലെ മകം നാളിൽ ലക്ഷക്കണക്കിന് സ്ത്രീകൾ പൊങ്കാല വഴിപാട് സമർപ്പിക്കുന്പോൾ അതെ ആചാരാനുഷ്ടാനങ്ങളോടെ ചരിത്രത്തിലാദ്യമായി ഇത്തവണ പെർത്തിലെ ഭക്തർക്കും ഭഗവതിക്ക് പൊങ്കാല നിവേദ്യം സമർപ്പിക്കുവാൻ പെർത്ത് സംസ്കൃതി അവസരമൊരുക്കി. ഹൈന്ദവാചാരങ്ങളും, അനുഷ്ഠാനങ്ങളും പ്രവാസജീവിതസാഹചര്യങ്ങളിൽ അന്യം നിന്നുപോകുന്ന ഇക്കാലത്ത് സനാതനമൂല്യങ്ങളിൽ നിലയുറപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ പെർത്ത് സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊങ്കാലയിൽ വ്രതശുദ്ധിയോടെ സ്ത്രീകൾ പങ്കെടുത്തു.

രാവിലെ എട്ടു മണിയോടെ ക്ഷേത്ര മേൽശാന്തിയുടെ നേതൃത്വത്തിൽ നടത്തിയ ഭൂമി പൂജയോടെ ക്ഷേത്രസന്നിധിയിൽ പൊങ്കാലക്കളങ്ങൾ വഴിപാടിന് സജ്ജമായി. തുടർന്ന് ദേവീമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടു ഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പ്രസിഡന്റ് രാം ബെൻസിലിന്റെ ഭാര്യയും, വൈസ് പ്രസിഡന്റ് സൂര്യ അമ്പാട്ടിയുടെ ഭാര്യയും ചേർന്ന് പ്രധാന അടുപ്പിൽ തീ തെളിച്ചു. തുടർന്ന് ആ അടുപ്പിൽ നിന്നും മറ്റ് അടുപ്പുകളിലേക്കു തീ പകർന്നു നൽകി. പാകമായ നിവേദ്യങ്ങൾ ക്ഷേത്രമേൽശാന്തി തീർദ്ധം തളിച്ചതോടെയാണ് ചടങ്ങുകൾ അവസാനിച്ചത്. സംസ്കൃതിയുടെ പ്രസിഡന്റ് വിജയകുമാറിന്റെയും, സെക്രട്ടറി ദീപ്തി ആകർഷിന്റെയും നേതൃത്വത്തിലുള്ള സംഘാടകസമിതിയും, അഭ്യുദയകാംക്ഷികളും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ഗീത ശങ്കർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ആഘോഷങ്ങളോടനുബന്ധിച്ച് ക്ഷേത്രസന്നിധിയിൽ ഒരുക്കിയിരുന്നു.

IMG-20170311-WA0027

17191774_10210660499462900_3561295825351165327_o

NO COMMENTS

LEAVE A REPLY