സൈബർ ക്രിമിനലുകൾ എ.ടി.എമ്മിൽ നിന്നും മലയാളികളുടെ ലക്ഷങ്ങളുമായി കടന്നു.

0
783

തിരുവനന്തപുരം : നഗരത്തിലെ എ.ടി.എമ്മിൽ നിന്നും മലയാളികളുടെ ലക്ഷക്കണക്കിന് രൂപയുമായി സൈബർ ക്രിമിനലുകളായ വിദേശികൾ കടന്നതായി പോലീസ് കണ്ടെത്തി. ഇവര്‍ എടിഎം കൗണ്ടറില്‍ കവര്‍ച്ചയ്ക്കായുളള ഉപകരണങ്ങള്‍ സംഘടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. എടിഎമ്മില്‍ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് റഷ്യയില്‍ നിന്നും കസാഖിസ്ഥാനില്‍ നിന്നുമുളളവരെന്ന് കരുതുന്ന മൂന്നംഗ സംഘത്തിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. തിരുവനന്തപുരം വെള്ളയമ്പലത്തെ എടിഎമ്മിലെ സിസിടിവി ക്യാമറയില്‍ നിന്നാണ് പ്രതികളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചത്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തലുളള സൈബര്‍ വിദഗ്ധര്‍ അടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഹൈടെക് ഫോറന്‍സിക് സെല്ലുകളെ ഏകോപിപ്പിച്ചാണ് അന്വേഷണ ചുമതല. ഇവര്‍ മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.അതേസമയം, സംഭവത്തില്‍ ഡിജിപി ഇന്ന് ആഭ്യന്തരസെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും.

ജൂണ്‍ 30, ജൂലൈ 3, ജൂലൈ 9 തീയതികളിലായി വെള്ളയമ്പലത്തെ എടിഎമ്മുകള്‍ ഉപയോഗിച്ചവര്‍ സൂക്ഷിക്കണമെന്നും ഇവര്‍ എടിഎമ്മിന്റെ പാസ്‌വേഡുകള്‍ മാറ്റണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. എസ്ബിഐയുടെ എടിഎമ്മില്‍ നിന്നും പണം നഷ്ടമായവര്‍ക്ക് ഇന്ന് തിരികെ തുക നല്‍കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. എടിഎമ്മുകളില്‍ പണം പിന്‍വലിക്കാനെത്തുന്ന ഉപഭോക്താക്കളുടെ പിന്‍ നമ്പര്‍ ചോര്‍ത്തിയാണ് കവര്‍ച്ച നടന്നത്. പണം അപഹരിക്കപ്പെട്ടത് മുംബൈയിലെ എടിഎമ്മുകളില്‍ നിന്നാണ്.എസ്ബിഐ, എസ്ബിടി, ഐഡിബിഐ ബാങ്കുകളുടെ വിവിധ ശാഖകളില്‍ അക്കൗണ്ടുള്ളവരുടെ പണമാണ് അപഹരിക്കപ്പെട്ടത്. പലരില്‍ നിന്നായി 2.45 ലക്ഷം രൂപ അപഹരിക്കപ്പെട്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വെള്ളയമ്പലം ആല്‍ത്തറ എസ്ബിഐ ശാഖയോടു ചേര്‍ന്ന എടിഎം കൗണ്ടറില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണം പൊലീസ് കണ്ടെടുത്തിരുന്നു.ഇത് എ.ടി.എം നമ്പറും പാസ് വേഡും ചോര്‍ത്താന്‍ ഘടിപ്പിച്ച ഉപകരണമാകാമെന്ന് സംശയിക്കുന്നു. കൗണ്ടര്‍ റൂഫിലെ സ്‌മോക് ഡിറ്റക്ടറിനുള്ളിലാണ് ഇത് ഘടിപ്പിച്ചിരുന്നത്. ഇത് ഘടിപ്പിക്കുന്ന മൂന്ന് വിദേശികളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

NO COMMENTS

LEAVE A REPLY