ഈ അനുരാഗ കരിക്കിന്‍ വെളളത്തിന് പ്രചാരമേറുന്നു.

0
1097

തിയറ്റര്‍യുദ്ധത്തിലേക്കാണ് ആസിഫ് അലി നായകനായ അനുരാഗ കരിക്കിന്‍വെളളം ഒഴുകിയെത്തിയത്. മമ്മൂട്ടിയുടെ കസബ, മഞ്ജുവാര്യരിന്റെ കരിങ്കുന്നം സിക്‌സേഴ്‌സ്, കുഞ്ചാക്കോ ബോബന്‍ -ജയസൂര്യ ടീമിന്റെ ഷാജഹാനും പരീക്കുട്ടിയും സല്‍മാന്റെ സുല്‍ത്താന്‍ എന്നി സിനിമകള്‍ തിയറ്റര്‍ പിടിച്ചടക്കിയപ്പോഴാണ് അധികം ആഘോഷങ്ങളില്ലാതെ ഒരുകൂട്ടം നവാഗതര്‍ ഈ ചിത്രവുമായെത്തിയത്.

റംസാന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന ചിത്രമാണ് അനുരാഗ കരിക്കിന്‍വെളളം. ചെറിയൊരു കഥ, കാഴ്ച്ചക്കാരെ വളരെ രസിപ്പിച്ച് ആകാംഷ സമ്മാനിച്ചാണ് രണ്ടേകാല്‍ മണിക്കൂര്‍ കടന്നുപോകുന്നത്.

ആഷിക് അബുവിന്റെ സോള്‍ട്ട് ആന്‍ഡ് പേപ്പര്‍ രീതിയിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയ അഭിലാഷിന്റെയും (ആസിഫ് അലി) എലിസബത്തും(രജീഷ വിജയന്‍) പ്രേമത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ന്യൂജന്‍ കാമുകിമാരേപോലെ 24 മണിക്കൂറും ഫോണ്‍ വിളിക്കുന്ന കാമുകിയാണ് എലിസബത്ത്. ഇത് അസഹനീയമാണെന്നും സ്വാതന്ത്ര്യം നശിപ്പിക്കുകയാണെന്നും തിരിച്ചറിഞ്ഞതോടെ ബ്രേക്ക് അപ്പ് ചെയ്യുവാന്‍ കാമുകന്‍ തീരുമാനിക്കുന്നു. ഇതിനിടയില്‍ അഭിലാഷിന്റെ അച്ചനും പോലീസ് ഉദ്യോഗസ്ഥനുമായ രഘു ( ബിജു മേനോന്‍) തന്റെ ബാല്യകാല സുഹൃത്തായ അനുരാധയെ അവിചാരിതമായി കണ്ടുമുട്ടുന്നു. പക്ഷെ സംസാരിക്കുവാന്‍ സാധിക്കുന്നില്ല. എങ്കിലും മൊബൈല്‍ നമ്പര്‍ കണ്ടെത്തുന്നു. തുടര്‍ന്നുളള ഫോണ്‍ വിളികളും ആള്‍മാറാട്ടുവുമെല്ലാമായാണ് കഥ പുരോഗമിക്കുന്നത്. ബിജു മേനോന്റെ ബാല്യകാല സഖിയോടുളള ഇഷ്ടവും ആസിഫ് അലിയുടെ ബ്രേക്ക് അപ്പ് പ്രണയവും തമ്മില്‍ സാഹചര്യങ്ങളിലൂടെ ബന്ധിക്കുമ്പോള്‍ കഥ കൂടുതല്‍ രസകരമാകുന്നു.

ന്യൂജനറേഷന്‍ പ്രണയത്തിന്റെ ഫോണ്‍വിളികളും ബ്രേക്ക് അപ്പുമെല്ലാം കാഴ്ച്ചക്കാരെ ഒട്ടും മടുപ്പിക്കാതെ തന്നെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നു. ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ആസഫി അലിക്ക് ലഭിച്ച സോളോ ഹിറ്റാണ് കരിക്കിന്‍ വെളളം (ക്രെഡിറ്റ് ബിജു മേനോനുമുണ്ട്). ചിത്രത്തിലെ ഉത്തരവാദിത്വമില്ലാത്ത, എടുത്തുചാട്ടകാരനായ അഭിലാഷിനെ മികച്ച രീതിയില്‍ ആസിഫ് അലി അവതരിപ്പിച്ചു. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം പുതുമുഖം രജീഷയുടെതാണ്. ടെലിവിഷന്‍ അവതാരികമാര്‍ക്കിടയില്‍ നിന്ന് സിനിമയിലേക്കെത്തുന്ന മറ്റൊരുതാരം കൂടിയാണ് രജീഷ. പുതുമുഖത്തിന്റെ ആകുലതകളില്ലാതെ മനോഹരമായാണ് എലിസബത്തിനെ രജീഷ കൈകാര്യം ചെയ്തിരിക്കുന്നത്. ആശ ശരത്ത്, സൗബിന്‍, സുധീര്‍ കരമന, മണിയന്‍പിളള രാജു , ശ്രീനാഥ് ഭാസി, ഇര്‍ഷാദ് എന്നിവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്.

ക്ലൈമാകസാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. ക്ലീഷെയായി പോകാമായിരുന്ന രംഗങ്ങള്‍ വേറിട്ട ശൈലിയിലാണ് അവസാനിക്കുന്നത്. തുടക്കത്തിലെയുളള ചിരി അവസാന രംഗത്തിലും നിലനിര്‍ത്തിയതോടെ മികച്ച സിനിമകണ്ട സംതൃപ്തിയോടെയാണ് പ്രേക്ഷകന്‍ തിയറ്റര്‍ വിടുന്നത്.

ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിന്റെ സഹോദരനായ ഖാലിദ് റഹ്മാനാണ് കരിക്കിന്‍വെളളത്തിന്റെ സംവിധായകന്‍. നവാഗതന്റെ കൈപിഴകള്‍ക്ക് അവസരം നല്‍കാതെ ചിത്രം ഒരുക്കിയ ഖാലിദില്‍ നിന്ന് ഇനിയും ഒരുപാട് പ്രതീക്ഷിക്കാം. എബിസിഡി, മണ്‍സുണ്‍ മാംഗോസ് എന്നി സിനിമകളുടെ തിരക്കഥ പങ്കാളിയായ നവീന്‍ ഭാസ്‌ക്കറാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. പ്രഥ്വിരാജിന്റെ ഓഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മ്മിച്ചത്.

റംസാന്‍ ആഘോഷമാക്കുവാന്‍ ഇറങ്ങിയ വലിയ ചിത്രങ്ങള്‍കണ്ട് കാശ് വെളളമായവര്‍ക്ക് ധൈര്യമായി ഈ ചിത്രത്തിന് കയറാം. നിങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലാവും അനുരാഗകരിക്കിന്‍ വെളളത്തിന്റെ സ്ഥാനം.

NO COMMENTS

LEAVE A REPLY