പ്രതിരോധ കരാറുകൾ വെളിപ്പെടുത്തണമെന്ന് മനുഷ്യാവകാശ സംഘടന.

0
160

മെൽബൺ : സൗദി അറേബ്യയുമായി ഓസ്‌ട്രേലിയ നടത്തിയിരിക്കുന്ന എല്ലാ പ്രതിരോധ കരാറുകളും വെളിപ്പെടുത്തണമെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. യെമനിലെ മനുഷ്യാവകാശ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് ആംനെസ്റ്റിയുടെ നിര്‍ദേശം. സൗദിയുമായി ഓസ്‌ട്രേലിയ നടത്തിയിരിക്കുന്ന പ്രതിരോധ വ്യാപാരം, യെമനില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഓസ്‌ട്രേലിയയ്ക്കു നിയമപരമായ ബാധ്യതയുണ്ടെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി.

യെമന്റെ പ്രധാന തുറമുഖത്തിന്റെ പ്രവര്‍ത്തനം സൗദി അറേബ്യ തടഞ്ഞിരിക്കുകയാണ്. യെമനിലെ ജനങ്ങളില്‍ 75 ശതമാനത്തിനുമുള്ള ഭക്ഷണസാധനങ്ങള്‍ ഇതുവഴിയാണ് എത്തുന്നത്. യെമനില്‍ ഭക്ഷ്യസാധനങ്ങള്‍ എത്തുന്നതാണ് ഇതുവഴി സൗദി തടഞ്ഞിരിക്കുന്നത്. രാജ്യത്തെ ഏഴു ദശലക്ഷം ജനങ്ങളും കടുത്ത ദാരിദ്രത്തിന്റെ വക്കിലാണെന്ന് യുഎന്‍ അഭിപ്രായപ്പെടുന്നു. ഭക്ഷണസാധനങ്ങള്‍ തടയുന്നത് തുടരുകയാണെങ്കില്‍ നൂറ്റാണ്ടുകള്‍ക്കുശേഷം യെമന്‍ കൊടിയ ദാരിദ്ര്യം നേരിടേണ്ടിവരും. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഓസ്‌ട്രേലിയന്‍ പ്രതിരോധ വകുപ്പ് സൗദി അറേബ്യയ്ക്ക് വ്യത്യസ്തങ്ങളായ നാല് സൈനിക ലൈസന്‍സുകളാണ് നല്‍കിയിരിക്കുന്നതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റാഷാ മൊഹമ്മദ് പറഞ്ഞു. യെമനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നതിനാലാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുമായി ഓസ്‌ട്രേലിയ നടത്തിയിരിക്കുന്ന എല്ലാ സൈനിക കരാറുകളെക്കുറിച്ചും വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്്്.

എന്നാല്‍ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ആവശ്യം പതിവുപോലെ ഓസ്‌ട്രേലിയ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഏതു തരത്തിലുള്ള ആയുധങ്ങളാണ് നല്‍കിയിരിക്കുന്നതെന്ന് വെളിപ്പെടുത്താനാവില്ലെന്നും ഈ പ്രതിരോധ വാണിജ്യ കരാറിന് രഹസ്യാത്മകതയുണ്ടെന്നും പ്രതിരോധ അസോസിയേറ്റ് സെക്രട്ടറി റബേക്ക സ്‌കിന്നര്‍ കഴിഞ്ഞമാസം സെനറ്റില്‍ വ്യക്തമാക്കിയിരുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള യുദ്ധത്തിന് അമേരിക്കയും ബ്രിട്ടണും പിന്തുണ നല്‍കുന്നുണ്ട്. ഇരു രാജ്യങ്ങളും ദശലക്ഷക്കണക്കിന് ഡോളറിന്റെ ആയുധങ്ങളാണ് സൗദിക്കു വില്‍പന നടത്തിയിരിക്കുന്നത്.

യെമനിലെ അഞ്ചു സിറ്റികളില്‍ ശുദ്ധജലമില്ലെന്ന് റെഡ്‌ക്രോസ് സൊസൈറ്റിക്കുവേണ്ടിയുള്ള അന്താരാഷ്ട്ര കമ്മിറ്റി അറിയിച്ചു. ശുദ്ധജലം പമ്പുചെയ്യുന്നതിനാവശ്യമായ ഇന്ധനം ഇറക്കുമതി ചെയ്യുന്നത് തുറമുഖത്തു തടഞ്ഞിരിക്കുകയാണ്. അതോടൊപ്പം യെമനിലെ വിവിധ ആശുപത്രികളിലും ജനറേറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ഇന്ധനവും തീര്‍ന്നുകൊണ്ടിരിക്കുകയാണ്. രണ്ടോ മൂന്നോ ആഴ്ചകള്‍കൂടി പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനംകൂടി അവശേഷിക്കുന്നതായി ഒരു ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടിവെള്ളത്തിന്റെ അഭാവം പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.

യെമനിലെ പ്രധാന വിമത വിഭാഗമായ ഹൂതികള്‍ക്കെതിരേ നടക്കുന്ന ആഭ്യന്തര യുദ്ധത്തിനാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന പിന്തുണയുമായി യെമനിലെത്തിയിട്ടുള്ളത്. പ്രസിഡന്റ് അബ്ദറബ്ബ് മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാരിനെ പുനഃപ്രതിഷ്ഠിക്കാനുള്ള നീക്കമാണ് സഖ്യസേന നടത്തുന്നത്. എന്നാല്‍ ഹൂതികള്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കിയിരിക്കുകയാണ്. തലസ്ഥാനമായ സാനയുള്‍പ്പെടെ യെമന്റെ മിക്ക പ്രദേശങ്ങളും ഹൂതികളുടെ നിയന്ത്രണത്തിലാണ്.

NO COMMENTS

LEAVE A REPLY