പ്രകൃതി വാതകം പരീക്ഷിക്കുവാൻ അലിന്റ എനർജി ശ്രമം ആരംഭിച്ചു.

0
358

അഡലൈഡ് : പ്രകൃതി വാതക വൈദ്യുതി നിലയത്തിന് അലിന്റ എനര്‍ജി അനുമതി തേടുന്നു. അഡ്‌ലെയ്ഡിനു വടക്കായി 450 ദശലക്ഷം ഡോളറിന്റെ പദ്ധതിയാണ് അലിന്റ ലക്ഷ്യമിടുന്നത്. പ്രകൃതി വാതകമുപയോഗിച്ച് 300 മെഗാവാട്ട് പദ്ധതിയാണിത്. അഗസ്റ്റ തുറമുഖത്തെ കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍ അടച്ചുപൂട്ടിയതിനു ശേഷം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ പദ്ധതിക്ക് അനുമതി തേടുന്നത്.

റീവീസ് പ്ലെയിന്‍സില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മൂന്നു ടര്‍ബൈനുകള്‍ പ്രവര്‍ത്തിക്കും. നൂറുമുതല്‍ 150 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനമാണ് പ്രതീക്ഷിക്കുന്നത്. പിന്നീട് മൂന്നു ടര്‍ബൈനുകള്‍ കൂടി കമ്മീഷന്‍ ചെയ്യുന്നതോടെ ഉല്‍പാദനം മുന്നൂറ് മെഗാവാട്ടായി വര്‍ധിപ്പിക്കാമെന്നാണ് കമ്പനി ഉദ്ദേശിക്കുന്നത്. മാര്‍ക്കറ്റ് വ്യവസ്ഥകള്‍ക്ക് അനുയോജ്യമല്ലാത്തതിനാലാണ് അലിന്റ എനര്‍ജി പോര്‍ട്ട് അഗസ്റ്റയിലെ മൂന്ന് കല്‍ക്കരി വൈദ്യുതി ഉല്‍പാദന നിലയങ്ങള്‍ അടച്ചത്. എന്നാല്‍ സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ഉപേക്ഷിച്ചിട്ടില്ല. പ്രകൃതി വാതകമുപയോഗിച്ച് 250 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനും ടെല്‍സയും ഫ്രഞ്ച് കമ്പനിയായ നിയോണും ചേര്‍ന്നുള്ള 100 മെഗാവാട്ടിന്റെ ലിഥിയം ബാറ്ററി ഉപയോഗിച്ചുള്ള പാരമ്പര്യേതര ഊര്‍ജ സ്രോതസില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തിനും സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വൈദ്യുതി സുരക്ഷ ഉറപ്പാക്കാനും വൈദ്യുതി നിരക്കുകള്‍ കുത്തനെ ഉയരുന്നത് തടയാനുമാണ് പുതിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പുതിയ പദ്ധതിക്ക് അനുമതി തേടുന്നതിനൊപ്പം വിവാദങ്ങളും എതിര്‍പ്പുകളും രംഗത്തെത്തിയിട്ടുണ്ട്. ചില പ്രാദേശിക നിവാസികളാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ ഭൂമിയുടെ വില വര്‍ധിക്കുമെന്നും മലീനകരണത്തിനു സാധ്യതയുണ്ടെന്നുമാണ് ഇവരുടെ വാദം. പരിസര, വായൂ, ശബ്ദ മലിനീകരണങ്ങളാണ് ഇവര്‍ നിരത്തുന്നത്. പരിസ്ഥിതി, സാംസ്‌കാരിക പൈതൃക പഠനങ്ങള്‍ നടത്തിയശേഷം ഈ മേഖലയിലെ സമൂഹത്തിന്റെ അഭിപ്രായങ്ങളും ശേഖരിക്കുമെന്ന് അലിന്റ എനര്‍ജി വക്താവ് പറഞ്ഞു.

NO COMMENTS

LEAVE A REPLY