ജീവനക്കാരുടെ സമരം: വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകും

0
851

പെർത്ത് : കുടിയേറ്റ, അതിര്‍ത്തി സംരക്ഷണ വകുപ്പുകളിലെ ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം വൈകും. ശമ്പളവും മറ്റ് സൗകര്യങ്ങളും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരം ചെയ്യുന്നത്. കൈന്‍സ്, പെര്‍ത്ത്, ഡാര്‍വിന്‍ എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ അതിര്‍ത്തി സംരക്ഷണ ജീവനക്കാര്‍ ബുധാനാഴ്ച സമരം ആരംഭിച്ചിരുന്നു. വെള്ളിയാഴ്ചവരെ സമരം നീളുമെന്നാണ് റിപ്പോര്‍ട്ട്. രാവിലെയും വൈകുന്നേരവും നാലു മണിക്കൂര്‍ ജോലി നിറുത്തിവച്ചാണ് ജീവനക്കാര്‍ സമരം ചെയ്യുന്നത്.

സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബണ്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മുതല്‍ സമരം ആരംഭിക്കും. അടുത്തയാഴ്ച മുതല്‍ ആരംഭിക്കുന്ന സമരത്തിന്റെ സമയം പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്ട്ര യാത്രക്കാരെ സമരം ബാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

air

സര്‍ക്കാരിന്റെ വിലപേശല്‍ നയത്തിനെതിരേയാണ് ജീവനക്കാര്‍ സമരം ചെയ്യുന്നതെന്ന് കമ്യൂണിറ്റി ആന്‍ഡ് പബ്ലിക് സെക്ടര്‍ യൂണിയന്‍ ദേശീയ സെക്രട്ടറി നഡൈന്‍ ഫ്‌ളഡ് പറഞ്ഞു. സമൂഹത്തിനുവേണ്ടി സുപ്രധാനവും വിഷമമേറിയതും ചിലപ്പോള്‍ അപകടകരവുമായ ദൗത്യങ്ങള്‍ സ്ത്രീകളും പുരുഷന്‍മാരുമായ ജീവനക്കാര്‍ ഏറ്റെടുക്കുന്നു. കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും മാന്യമായ വേതനം നല്‍കുമെന്നും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ഒരു വര്‍ഷം മുമ്പ് യൂണിയന്‍ നേതാക്കളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ മുന്‍ തീരുമാനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോവുകയാണെന്ന് യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. രാജ്യത്തിലെ സുപ്രധാന വിമാനത്താവളങ്ങളിലെ കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗം ജീവനക്കാര്‍ ഇതിനു മുൻപ് കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ജോലിയില്‍നിന്ന് വിട്ടുനിന്ന് സമരം ചെയ്തത്. ഏകദേശം രണ്ടായിരത്തോളം ജീവനക്കാര്‍ അന്ന് സമരത്തില്‍ പങ്കുചേര്‍ന്നു.

NO COMMENTS

LEAVE A REPLY