സർക്കാർ പിഴ ഒഴിവാക്കാൻ അദാനി കോടതിയിൽ. തർക്കം നിയമപോരാട്ടത്തിലേക്ക്.

0
393

ബ്രിസ്‌ബേൻ : പരിസ്ഥിതി നിയമലംഘനത്തിന് ക്വീന്‍സ് ലാന്‍ഡ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച പിഴയ്‌ക്കെതിരേ അദാനി ഗ്രൂപ്പ് കോടതിയെ സമീപിക്കും. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതിലും കൂടിയ അളവില്‍ അടിഞ്ഞുകൂടിയ മാലിന്യ എക്കല്‍ ഗ്രേറ്റ് ബാരിയര്‍ റീഫിലേക്ക് ഒഴുക്കിവിട്ടതായാണ് ആരോപണം. ഇന്ത്യന്‍ ഖനന ഭീമനെതിരേയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയ സര്‍ക്കാര്‍ 12,000 ഡോളര്‍ പിഴയടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വടക്കന്‍ ക്വീന്‍സ് ലാന്‍ഡിലെ ആബട്ട് പോയിന്റില്‍ നടക്കുന്ന തുറമുഖ സൗകര്യ വികസനത്തിനായി വാരിമാറ്റിയ ചെളിയും മറ്റുമാണ് കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കലര്‍ത്തി കടലിലേക്കു ഒഴുക്കിയത്.

സംസ്ഥാന പരിസ്ഥിതി വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന പിഴയ്‌ക്കെതിരേ കോടതിയെ സമീപിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചുകഴിഞ്ഞു. ചെറിയതോതിലുള്ള മാലിന്യ നിര്‍മാര്‍ജനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ അനുമതിയുടെ മറവില്‍ കമ്പനി വന്‍തോതില്‍ മാലിന്യം കടലിലേക്ക് തള്ളുകയായിരുന്നെന്നാണ് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നത്. അദാനി ഗ്രൂപ്പിന് അനുവദിച്ചിരുന്നതിലും എട്ടുമടങ്ങുവരെ കൂടുതലായി ചെളിയും മറ്റു മാലിന്യങ്ങളും കടലിലേക്ക് ഒഴുക്കിയെന്ന് പരിസ്ഥിതി വകുപ്പ് പറയുന്നു. ചില പരിസ്ഥിതി ഗ്രൂപ്പുകളുടെ അടിസ്ഥാനരഹിത വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണ് പിഴ വിധിച്ചിരിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വക്താവ് കോടതിയെ അറിയിക്കും.

അദാനി ഗ്രൂപ്പിന്റെ വാദങ്ങള്‍ പരിസ്ഥിതി മന്ത്രി സ്റ്റീവന്‍ മൈല്‍സ് തള്ളിക്കളഞ്ഞു. ജലമലിനീകരണം സംബന്ധിച്ചും പരിസ്ഥിതിയെ ഇത് എങ്ങനെ ബാധിക്കുമെന്നുമെന്നുമുള്ള അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കമ്പനിയുടെ നടപടി പരിസ്ഥിതിക്കു ഹാനികരമാണെന്നു കണ്ടെത്തിയാല്‍ ദശലക്ഷക്കണക്കിനു ഡോളര്‍ അദാനി ഗ്രൂപ്പ് പിഴയടയ്‌ക്കേണ്ടിവരും. താല്‍ക്കാലികമായി അനുവദിച്ചിരുന്ന എമിഷന്‍ ലൈസന്‍സിലെ വ്യവസ്ഥകള്‍ ബോധപൂര്‍വം ലംഘിക്കപ്പെട്ടതായി കണ്ടെത്തിയാല്‍ 3.8 ദശലക്ഷം ഡോളര്‍വരെ പിഴയടയ്‌ക്കേണ്ടിവരും. ബോധപൂര്‍വകമല്ലാത്ത നിയമലംഘനത്തിന് 2.7 ദശലക്ഷം ഡോളറും പിഴയടയ്‌ക്കേണ്ടിവരുമെന്ന് പരിസ്ഥിതി വകുപ്പ് അറിയിച്ചു.

NO COMMENTS

LEAVE A REPLY