ആദിവാസികള്‍ക്ക് ഭരണഘടനാപരമായ അവകാശം നല്‍കണമെന്ന് നേതാക്കള്‍

0
808
ക്യാൻബറ : തന്റെ മുന്‍ഗാമിയുടെ പാത പിന്തുടര്‍ന്ന് പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്‍ വര്‍ഷംതോറും ഒരാഴ്ച ഉള്‍നാടന്‍ പ്രദേശത്തെ ഏതെങ്കിലും അപരിഷ്‌കൃത സമൂഹത്തോടൊപ്പം ചെലവഴിക്കേണ്ടതില്ലെന്ന് തദ്ദേശിയ നേതാക്കള്‍. ഉള്‍പ്രദേശങ്ങളിലുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളില്‍ ആബട്ട് സര്‍ക്കാര്‍ പരാജയപ്പെട്ടുവരികയായിരുന്നെന്നും ഇതിനു മാറ്റം വരുത്താന്‍ പുതിയ പ്രധാനമന്ത്രിക്ക് അവസരം ലഭിച്ചിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
അപരിഷ്‌കൃതരും ആദിവാസികളുമായ സമൂഹങ്ങളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഓസ്‌ട്രേലിയാസ് ഫസ്റ്റ് പീപ്പിളിന്റെ പ്രതിനിധികള്‍ വ്യാഴാഴ്ച കാന്‍ബറയില്‍ യോഗം ചേര്‍ന്നു. ഭരണഘടനാപരമായ അംഗീകാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കുന്നതു സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
ആദിവാസി സമൂഹങ്ങളുടെ ഉന്നമനത്തിനായി മുന്‍ പ്രധാനമന്ത്രി ടോണി ആബട്ട് നടത്തിയ സത്യസന്ധമായ നീക്കങ്ങളില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ ആദിവാസി സമൂഹങ്ങളുടെ വികസനത്തിനായി തയാറാക്കിയ പല പദ്ധതികളും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനായില്ല. നിരവധി ആദിവാസി ജനങ്ങള്‍ ഗുഹാതുല്യമായ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന് ആബട്ട് മന്ത്രിസഭയിലെ ആദിവാസികാര്യ മന്ത്രി നിജെല്‍ സ്‌കള്ളിയന്‍ വ്യക്തമാക്കിയിരുന്നു.
ആദിവാസി നേതാക്കളുടെ യോഗത്തിലേക്ക് പ്രധാനമന്ത്രി ക്ഷണിച്ചെങ്കിലും ക്ഷണം അദ്ദേഹം നിരസിക്കുകയായിരുന്നു. എന്നാല്‍ ആദിവാസി നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.

NO COMMENTS

LEAVE A REPLY