രാജിക്കില്ല, പാര്‍ലമെന്റിന്റെ പിന്‍നിരയില്‍ തുടരുമെന്ന് ആബട്ട്

0
1021

സിഡ്‌നി : പാർട്ടിയിലെ തന്റെ എക്കാലത്തെയും പ്രധാന എതിരാളിയായിരുന്ന മാല്‍കോം ടേണ്‍ബുളിന് പ്രധാനമന്ത്രിപദം വച്ചൊഴിഞ്ഞ ടോണി ആബട്ട് പാര്‍ലമെന്റില്‍ തുടരാനാണ് തീരുമാനം. പാര്‍ലമെന്റിന്റെ പിന്‍നിര സീറ്റില്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സിഡ്‌നിയിലെ വാറിന്‍ഗാ മണ്ഡലത്തിലെ തന്റെ സുരക്ഷിത സീറ്റിനുവേണ്ടി ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ ആബട്ട് ആഗ്രഹിക്കുന്നില്ല. നേതൃസ്ഥാനം നഷ്ടമായതിനാല്‍ പ്രതിനിധിസഭയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകില്ല. രാഷ്ട്രീയ ഭാവിയെക്കുറിച്ച് ആലോചിക്കാന്‍ കുടുംബാംഗങ്ങളുമായി കുറച്ചു സമയം വിനിയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആബട്ടിനെ അധികാരത്തില്‍നിന്നു താഴെയിറക്കാന്‍ മോറിസണും പ്രധാനമന്ത്രി ടേണ്‍ബുളും ധാരണയിലെത്തിയതായി യഥാസ്ഥിതികര്‍ സംശയിക്കുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ടേണ്‍ബുള്‍ പ്രതികരിച്ചില്ല.

പുതിയ മന്ത്രിസഭയും മന്ത്രിമാരെയും തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിരവധി ആബട്ട് വിശ്വസ്തര്‍ പ്രധാനമന്ത്രി ടേണ്‍ബുളുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ്. പാര്‍ട്ടിതല വോട്ടെടുപ്പില്‍ ആബട്ടിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെങ്കിലും പുതിയ പ്രധാനമന്ത്രിയുടെ കീഴിലും തനിക്ക് നന്നായി ജോലി ചെയ്യാനാവുമെന്ന് പ്രത്യാശിക്കുന്നതായി വ്യാപാരമന്ത്രി ആന്‍ഡ്രൂ റോബ് പറഞ്ഞു.

NO COMMENTS

LEAVE A REPLY