വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ : സർക്കാർ വാക്ക് പാലിച്ചു. വിമുക്തഭടന്മാർക്ക് ആശ്വാസം.

0
1108

ഡല്ഹി : ഒരുറാങ്ക് ഒരുപെൻഷൻ എന്ന വിമുക്തഭടന്മാരുടെ ഏറെ നാളായുള്ള ആവശ്യത്തിന് സർക്കാർ അംഗീകാരം നല്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ഹരിയാനയിലെ ഫരീദാബാദില്‍ മെട്രോ സർവീസ് ഉദ്ഘാടനം ചെയ്തുള്ള റാലിക്കിടെയാണ് പ്രധാനമന്ത്രി സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്. ലക്ഷക്കനക്കിലുള്ള വിമുക്ത ഭടന്മാരുടെ 42 വര്‍ഷമായുള്ള ആവശ്യമാണ് ഇപ്പോൾ യാഥാര്‍ത്ഥ്യമായത്. പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും സ്വയം വിരമിച്ചവരെ ഉള്‍പ്പെടുത്താതെയായിരുന്നു സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനം. സൈന്യത്തില്‍ നിന്നും പകുതിയോളം പേർ സ്വയം വിരമിക്കുന്നവരായതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപനം സ്വീകാര്യമല്ലെന്ന് സമര സമിതി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ആശങ്കകൾ ഒന്നുമില്ലെന്നും സ്വയം വിരമിച്ചവർക്കും ഒരേ പെൻഷൻ നല്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ 20 ദിവസമായി ഈ ആവശ്യമുന്നയിച്ച് രാജ്യത്തെ വിമുക്ത ഭടന്മാർ നിരാഹാര സമരത്തിലായിരുന്നു.

പുതിയ തീരുമാനം വഴി 10000 കോടി രൂപ വരെ സര്‍ക്കാരിന് പ്രതിവര്‍ഷം അധിക ബാധ്യത ഉണ്ടാക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കും. നാല് ഗഡുക്കളായിട്ടാകും പെന്‍ഷന്‍ കുടിശ്ശിക നല്‍കുക.യുദ്ധത്തില്‍ മരിച്ചവരുടെ വിധവകള്‍ക്ക് കുടിശിക ഒറ്റത്തവണയായി നല്‍കും. മറ്റുള്ളവരുടെ കുടിശിക വര്‍ഷത്തില്‍ രണ്ട് തവണ എന്ന നിലയില്‍ രണ്ട് വര്‍ഷം കൊണ്ട് കൊടുത്തു തീര്‍ക്കും. പെന്‍ഷന്‍ പരിഷ്‌കരണം പഠിക്കാന്‍ ഏകാംഗ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു. പദ്ധതി അംഗീകരിക്കുന്നതോടെ ഓരോ ജവാന്മാരുടെയും പെന്‍ഷന്‍ 3500 രൂപ മുതല്‍ 4500 രൂപ വരെ വര്‍ധിക്കും. ചെറിയ റാങ്കില്‍ വിരമിച്ച ജവാന്മാര്‍, ജവാന്മാരുടെ വിധവകള്‍, അവശരായവര്‍ എന്നിവര്‍ക്കായിരിക്കും പദ്ധതി കൂടുതല്‍ പ്രയോജനം ലഭിക്കുക. 70 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ആദ്യം പെന്‍ഷന്‍ നല്‍കുക. 2013 നെ അടിസ്ഥാനമാക്കിയായിരിക്കും പെന്‍ഷന്‍ നിര്‍ണയിക്കുക. 30 ലക്ഷത്തോളം വിമുക്ത ഭടന്മാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.

NO COMMENTS

LEAVE A REPLY