കുതിരപ്പന്തയത്തിലെ ഇതിഹാസം ബാര്‍ട്ട് കമിംഗ്‌സ് അന്തരിച്ചു.

0
1028

സിഡ്‌നി: പന്തയക്കുതിര പരിശീലകരിലെ ഇതിഹാസമായ ബാര്‍ട്ട് കമിംഗ്‌സ്(87) അന്തരിച്ചു. പടിഞ്ഞാറന്‍ സിഡ്‌നിയിലെ വസതിയില്‍ ഞായറാഴ്ച വെളുപ്പിനെ ഉറക്കത്തിനിടെയായിരുന്നു അന്ത്യം. മരണസമയത്ത് കുടുംബാംഗങ്ങള്‍ സമീപമുണ്ടായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കമിംഗ്‌സ് വിശ്രമത്തിലായിരുന്നു.

ഏഴു പതിറ്റാണ്ടായി പന്തയക്കുതിര പരിശീലനത്തിലും കുതിരപ്പന്തയത്തിലും അഗ്രഗണ്യനായിരുന്നു. കുതിരപ്പന്തയത്തില്‍ 12 മെല്‍ബണ്‍ കപ്പുകള്‍ നേടിയിട്ടുണ്ട്. കപ്പുകളുടെ രാജാവ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മികച്ച പരിശീലകന്‍ എന്ന നിലയില്‍ 268 വിജയങ്ങളുടെ റെക്കോര്‍ഡ് കമിംഗ്‌സിന്റെ പേരിലാണ്. റെക്കോര്‍ഡുകള്‍ താനൊരിക്കലും സൂക്ഷിക്കാറില്ലെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. അത് തികച്ചും വിചിത്രമാണ്. താന്‍ ഒരിക്കലും പിന്നോട്ട് നോക്കാറില്ല. ഭാവിയിലേക്കു മാത്രമാണ് ശ്രദ്ധ. ഭൂതകാലത്തില്‍ കഴിയാന്‍ നിങ്ങള്‍ക്കാവില്ല. കുതിരപ്പന്തയങ്ങള്‍ എന്നും നടന്നുകൊണ്ടിരിക്കും. നമ്മളും അതിനൊപ്പം ഓടിക്കൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത ആസ്ത്മാ രോഗിയായിരുന്ന കമിംഗ്‌സിനോട് 16 ാം വയസില്‍ കുതിരകളില്‍നിന്നും കുതിരപ്പന്തയത്തില്‍നിന്നും മാറിനില്‍ക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ കുതിരകളോട് ഏറെ കമ്പമുണ്ടായിരുന്ന അദ്ദേഹം കുതിരകളെ പരിശീലിപ്പിക്കുന്നതില്‍നിന്നും അവയെ തീറ്റിപ്പോറ്റുന്നതില്‍നിന്നും മാറിനിന്നില്ല.

തനിക്കു ലഭിച്ച അവാര്‍ഡുകളും നേട്ടങ്ങളും ഒരിക്കലും അദ്ദേഹത്തെ സംതൃപ്തിപ്പെടുത്തിയിരുന്നില്ല. കൂടുതല്‍ നേട്ടങ്ങള്‍ക്കായാണ് 1975 ല്‍ കുടുംബസമേതം സിഡ്‌നിയിലേക്ക് താമസം മാറ്റുന്നത്. പരിശീലിപ്പിച്ചാല്‍ ഒരു നല്ല കുതിരയ്ക്ക് ഓട്ടപ്പന്തയത്തില്‍ വിജയം നേടാനാവുമെന്നായിരുന്നു തന്റെ നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യമെന്തെന്ന ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടി.

കമിംഗ്‌സിന്റെ സ്വഭാവവും പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ചിന്തിക്കാതെ ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞിരുന്നില്ല. കാരണമില്ലാതെ ചിരിക്കുകയുമില്ല. തിളക്കമാര്‍ന്ന കണ്ണുകളാണ് മറ്റുള്ളവരില്‍നിന്ന് അദ്ദേഹത്തെ വേര്‍തിരിച്ചു നിറുത്തുന്ന മറ്റൊരു പ്രത്യേകത.

കുതിരകളോട് വളരെ നന്നായി പെരുമാറാനും അവയെ നന്നായി പരിചരിക്കാനും കമിംഗ്‌സ് ശ്രദ്ധിച്ചിരുന്നു. പരിശീലനസമയത്ത് അവയോട് എപ്രകാരം പെരുമാറുന്നുവോ അപ്രകാരം അവ തിരിച്ചും പെരുമാറുമെന്നതായിരുന്നു അദ്ദേഹത്തിന്റെ തത്വശാസ്ത്രം.

NO COMMENTS

LEAVE A REPLY