അധോലോക നായകന്‍ സാം ഇബ്രാഹിമിനെ ലെബനനിലേക്ക് നാടുകടത്തും.

0
1321

സിഡ്‌നി : അധോലോക നായകന്‍ സാം ഇബ്രാഹിമിനെ ലെബനനിലേക്ക് നാടുകടത്തും. സ്വഭാവവൈകല്യത്തെത്തുടര്‍ന്നാണ് ഇയാളുടെ ഓസ്‌ട്രേലിയന്‍ വീസ റദ്ദാക്കിയതെന്ന് കുടിയേറ്റ മന്ത്രി പീറ്റര്‍ ഡട്ടന്‍ പറഞ്ഞു. വ്യക്തിപരമായ കേസുകളില്‍ കൂടുതല്‍ വിശദീകരണം നല്‍കാനാവില്ലെന്ന് മന്ത്രിയുടെ വക്താവ് പറഞ്ഞു.

ആയുധങ്ങളുടെ റാക്കറ്റ് നടത്തുന്ന ഇബ്രാഹിം ഏപ്രില്‍ മുതല്‍ ജയിലിലാണ്. മന്ത്രിയുടെ തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കാന്‍ 28 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ സമൂഹത്തെ സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് മന്ത്രി പറഞ്ഞു. ഗൗരവകരമായ കുറ്റകൃത്യങ്ങള്‍ ചെയ്തശേഷം ഇവിടെ കഴിയാമെന്ന ധാരണയില്‍ നമ്മുടെ രാജ്യത്തേക്കു വരുന്നവരെ ഉള്‍ക്കൊള്ളാനാവില്ലെന്ന് പ്രസ്താവനയില്‍ ഡട്ടന്‍ പറഞ്ഞു. വീസയുടെ പിന്‍ബലത്തില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തശേഷം ഇവിടെ തങ്ങുന്നവരെ ഒഴിവാക്കുമെന്നും സമൂഹത്തിന് ഭീഷണിയായവരെ തുടച്ചുനീക്കുമെന്നും മന്ത്രി പറഞ്ഞു.

ലബനനില്‍ ജനിച്ച ഇബ്രാഹിം, കുട്ടിക്കാലത്ത് ഓസ്‌ട്രേലിയയില്‍ എത്തിയതാണ്. ഇബ്രാഹിമിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും നാടുകടത്തലിനെതിരേ അപ്പീല്‍ നല്‍കുമെന്നും ഇബ്രാഹിമിന്റെ അഭിഭാഷക പറഞ്ഞു.

NO COMMENTS

LEAVE A REPLY